KSRTC ജീവനക്കാരുടെ തക്കസമയത്തുള്ള ഇടപെടലിൽ ഒരു പ്രവാസിയുടെ പാസ്പോര്ട്ട് ഉൾപ്പെടെയുള്ള ബാഗ് തിരിച്ചു കിട്ടി
വാര്‍ത്തയിലെ താരങ്ങള്‍ കോഴിക്കോട് നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി എറണാകുളത്തേക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന Jn 412 KURTC ലോഫ്‌ളോര്‍ വോള്‍വോ ബസും ജീവനക്കാരുമാണ്.
എയര്‍പോര്‍ട്ടില്‍ യാത്രക്കാരെ ഇറക്കി തിരികെ ഹൈവേയിലെത്തി യാത്ര തുടരുന്നതിനിടെ ഗള്‍ഫിലേക്ക് പോകുകയായിരുന്ന ഏതോ ഒരു പ്രവാസി യാത്രക്കാരന്‍ ബസ്സില്‍ മറന്നുവെച്ച പാസ്‌പോര്‍ട്ട് അടങ്ങിയ കിറ്റ് തിരികെ എയര്‍പോര്‍ട്ടിലെത്തി കൈമാറിയാണ് ഇത്തവണ മലയാളിയുടെ സ്വന്തം ആനവണ്ടിയും ജീവനക്കാരും ജനഹൃദയങ്ങളില്‍ കയറിക്കൂടിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ബസ്സിലെ യാത്രക്കാരനായിരുന്ന അനീഷ് അഷറഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. യാത്രക്കാരന് ബാഗ് തിരികെ നല്‍കുന്നതില്‍ അനീഷും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അനീഷിന്റെ പോസ്റ്റ് ഇങ്ങനെ…
'06/01 /2019 രാത്രി 11 മണി ആയിക്കാണും. കോഴിക്കോട്ട് നിന്ന് JN 412 ബസിലാണ് ഞാന്‍ കൊച്ചീലോട്ട് യാത്ര തിരിച്ചത്. യാത്രക്കാര്‍ നിറയെ ഉണ്ടായിരുന്നു ബസില്‍. ബസ് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തി, ഗള്‍ഫ് യാത്രയ്ക്കുള്ളവര്‍ എയര്‍പോര്‍ട്ടിലിറങ്ങി. ബസ് യാത്ര തുടങ്ങി കുറച്ച് ഓടിയപ്പോള്‍ കണ്ടക്ടര്‍ നിസാര്‍ സാറിനോട് എന്റെ മൊബൈല്‍ ചാര്‍ജ് ചെയ്യണമെന്ന് പറഞ്ഞു. പുള്ളി ചാര്‍ജ് ചെയ്യാന്‍ സ്ഥലം കാണിച്ചപ്പോള്‍ അവിടെ നിന്നും ഒരു കിറ്റ് കിട്ടി.
യാത്രക്കാരില്‍ ഒരാള്‍ കിറ്റ് തുറന്നു നോക്കി. കുടുംബം പുലര്‍ത്താന്‍ ഗള്‍ഫിലേക്ക് ജോലിക്ക് പോകുന്ന മൊയ്ദീന്‍ എന്നയാളുടെ പാസ്‌പോര്‍ട്ടും വിസയും മറ്റു രേഖകളും അടങ്ങുന്ന കിറ്റായിരുന്നു അത്. ബസ് ഉടനെ സൈഡൊതുക്കി. അതില്‍ മൊയ്തീന്റെ ഫോണ്‍ നമ്പര്‍ ഇല്ലായിരുന്നു. ബസ് വെയിറ്റ് ചെയ്യുമെങ്കില്‍ ഞാന്‍ എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി കൊടുക്കാമെന്ന് പറഞ്ഞു. പിന്നീട് കുറച്ചു നേരം ബസില്‍ ഇതിനെക്കുറിച്ച് ചര്‍ച്ചയായിരുന്നു.
ബസിന്റ സാരഥി കൃഷ്ണദാസും കണ്ടക്ടര്‍ നിസാര്‍ നിലമ്പൂരും കൂടി യാത്രക്കാരോട് ചോദിച്ചു കൊണ്ട് തീരുമാനമെടുത്തു. ബസ് ഒന്നുകൂടി എയര്‍പോര്‍ട്ട് ലക്ഷ്യം വെച്ചു നീങ്ങി .എയര്‍ പോര്‍ട്ടിലെത്തി ബസ് ഹോണടി തുടങ്ങി. ഞാനുള്‍പ്പെടെ രണ്ട് മൂന്ന് യാത്രക്കാര്‍ പുറത്തിറങ്ങി മൊയ്തീന്‍ എന്ന യാത്രക്കാരനെ അന്വേഷിച്ചു.
കുറച്ചു സമയത്തിനുള്ളില്‍ മൊയ്തീനെ കണ്ടുപിടിക്കുകയും പാസ്‌പോര്‍ട്ടും രേഖകളും കൈമാറുകയും ചെയ്തു. അയാള്‍ക്ക് സമാധാനമായി നമ്മുക്ക് സന്തോഷവും. ഈ ബസിലെ ഡ്രൈവര്‍ കൃഷ്ണദാസിനെയും കണ്ടക്ടര്‍ നിസാര്‍ നിലമ്പൂരിനെയും ബാഗ് തിരികെ ലഭിച്ച മൊയ്തീനും യാത്രക്കാരായ ഞങ്ങളും ഒരിക്കലും മറക്കില്ല. നിങ്ങള്‍ക്കൊരു… ബിഗ് സല്യൂട്ട്..'
സമയത്ത് രേഖകള്‍ ലഭിച്ചില്ലായിരുന്നെങ്കില്‍ മൊയ്തീന്‍ എന്ന ആ പ്രവാസി സുഹൃത്തിന്റെ അന്നത്തെ യാത്ര മുടങ്ങുമായിരുന്നു. എന്നാല്‍ ബസ് ജീവനക്കാരും ഒപ്പം യാത്രക്കാരും ഒത്തൊരുമിച്ച് നീങ്ങിയപ്പോള്‍ ആ പാവം മനുഷ്യന്റെ ജീവിതമാര്‍ഗ്ഗമാണ് തിരികെ ലഭിച്ചത്.
Comments
Post a Comment